• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

രക്തസമ്മര്‍ദം നിയന്ത്രിച്ച്‌ വൃക്കകളെ സംരക്ഷിക്കാം


 

പ്രമേഹം മാത്രമാണോ വൃക്കരോഗത്തിന് അടിസ്ഥാനം? പ്രമേഹം പോലെതന്ന അമിത രക്തസമ്മര്‍ദവും വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്നതാണ് സത്യം. ഒരു ശരാശരി വ്യക്തിയുടെ രക്തസമ്മര്‍ദം 120/80 എംഎംഎച്ച്‌ജി ആണ്. ഈ അളവിന് മുകളില്‍ വന്നാല്‍ പ്രീ-ഹൈപ്പര്‍ടെന്‍ഷന്‍ എന്നും 140/90 എന്നതിന് മുകളിനാണെങ്കില്‍ അമിത രക്തസമ്മര്‍ദം (ഹൈപ്പര്‍ടെന്‍ഷന്‍ ) എന്നും പറയുന്നു.

ലോകത്താകമാനം 25 മുതല്‍ 30 ശതമാനം വരെ അമിത രക്തസമ്മര്‍ദമുള്ളവര്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ ജനസംഖ്യയുടെ 30 ശതമാനം ഇതില്‍ ഉള്‍പ്പെടുന്നു. വൃക്കരോഗങ്ങളും അമിത രക്തസമ്മര്‍ദവും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണമാണ്. വൃക്കരോഗം രക്തസമ്മര്‍ദം കൂടാന്‍ കാരണമാകുന്നു എന്നതുപോലെ ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു.

രോഗനിര്‍ണയം നടന്ന രോഗികളില്‍ മതിയായ ചികിത്സ ലഭിക്കാതിരുന്നാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകരാറിലാകുന്നത് വൃക്കകള്‍തന്നെ. ഇക്കൂട്ടരില്‍ വൃക്കകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ലഘുവായ രക്തപരിശോധനയും (ബ്ലഡ് യൂറിയ, സീറം ക്രിയാറ്റിനിന്‍) മൂത്രപരിശോധനയും (യൂറിന്‍ ആല്‍ബുമിന്‍) സഹായകരമാണ്.

അധിക രക്തസമ്മര്‍ദം വൃക്കരോഗത്തിന് അടിസ്ഥാനമാണ് എന്നതു മനസിലാക്കുന്ന രോഗി ഡോക്റ്ററുടെ മേല്‍നോട്ടത്തില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ഇതോടൊപ്പം അമിതമായ രക്തസമ്മര്‍ദം ചികിത്സിച്ചു ഭേദമാക്കാവുന്ന വൃക്കരോഗം മൂലമാണോ എന്നതും പരിശോധിക്കണം. അങ്ങനെയാണെങ്കില്‍ വൃക്കരോഗം സുഖപ്പെടുന്നതോടെ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകാറാണ് പതിവ്. രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം വൃക്കകള്‍ തകരാറിലാകുന്നത് ഒഴിവാക്കാനാകും. ഇതിന്‍റെ ഭാഗമായി പുകവലി നിര്‍ബന്ധമായും ഉപേക്ഷിക്കുകയും വ്യായാമം ദിനചര്യയുടെ ഭാഗമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അമിതവണ്ണമുള്ളവര്‍ ഭാരം കുറയ്ക്കുന്നതു സഹായകരമായിരിക്കും.

അമിത രക്തസമ്മര്‍ദമുള്ള വ്യക്തികള്‍ ആഹാരത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍ ഉപകാരപ്രദമാണ്. അത് മുന്നില്‍കണ്ടുകൊണ്ട് ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐഎച്ച്‌) ശിപാര്‍ശ ചെയ്യുന്ന ഭക്ഷണക്രമമാണ് ഡാഷ് ഡയറ്റ്് (ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ് ഹൈപ്പര്‍ടെന്‍ഷന്‍). ഇതനുസരിച്ച്‌ ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൊഴുപ്പു കുറഞ്ഞ മത്സ്യമാംസാദികളും അധികമായി ഉള്‍പ്പെടുത്തണം. അതിനോടൊപ്പംതന്നെ അധിക മധുരം ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങളും കൊഴുപ്പുകൂടിയ മാംസവും (പ്രത്യേകിച്ച്‌ ചുവന്ന മാംസം) കുറയ്ക്കുകയും വേണം.

ശുപാര്‍ശ ചെയ്തിരിക്കുന്ന ഉപ്പിന്‍റെ അളവ് ദിവസേന നാല് ഗ്രാം മാത്രമാണ്. എന്നാല്‍, വൃക്കരോഗം നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞാല്‍ ഡോക്റ്ററുടെ നിര്‍ദേശപ്രകാരമുള്ള ഭക്ഷണക്രമം പാലിക്കേണ്ടതാണ്. ഉദാഹരണത്തിന് വൃക്ക തകരാറിലാവുന്ന രോഗികളുടെ ഭക്ഷണത്തിലെ പ്രോട്ടീന്‍റെ അളവ് നിയന്ത്രിക്കുകയും പൊട്ടാസ്യം ധാരാളമായി കാണുന്ന പഴവര്‍ഗങ്ങള്‍ (നേന്ത്രപ്പഴം, മാമ്ബഴം) ഉപയോഗിക്കുകയും വേണം. അമിത രക്തസമ്മര്‍ദം മൂലമുള്ള വൃക്കരോഗങ്ങള്‍ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നവയാണ്. അതിന് വേണ്ടത് യഥാസമയത്തുളള രോഗനിര്‍ണയവും ക്രമപ്രകാരമുള്ള ചികിത്സയുമാണ്.

NEWS VIDEO'S
NCTV NEWS

NCTV NEWS