• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

കമ്മട്ടിപ്പാടം - റിവ്യൂ


അനൗണ്‍സ് ചെയ്ത അന്നുമുതല്‍, മലയാള സിനിമാ പ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ചിത്രമായിരിക്കും കമ്മട്ടിപ്പാടം. അങ്ങനെയെങ്കില്‍ അതിനു പിന്നിലുള്ള കാരണം എന്തായിരിക്കും? 'അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്നീ ചിത്രങ്ങള്‍, മലയാളിയുടെ യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്നുനിന്ന സൃഷ്ടികളായിരുന്നു. ഈ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ആര്‍ക്കും, രാജീവ് രവി എന്ന സംവിധായകനെ മറക്കുവാന്‍ കഴിയില്ല. ഈ രണ്ടു ചിത്രങ്ങളിലും, എഴുതിവച്ച കഥ അതേപടി ആവിഷ്കരിക്കുക എന്നതിനേക്കാളുപരി, ഒരു സംവിധായകന്റെ സ്വാധീനം പ്രകടമായിരുന്നു.

■രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമായ 'കമ്മട്ടിപ്പാട'ത്തില്‍, മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നു എന്നതും, ചിത്രത്തിന്റെ തിരക്കഥ എഴുതിയത്, നടനും നാടകകൃത്തും, അഭിനേതാവും, സംവിധായകനുമായ പി.ബാലചന്ദ്രന്‍ ആണെന്നുള്ളതും, നാമോരോരുത്തരുടേയും പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട്, ഇന്നേദിവസം 'കമ്മട്ടിപ്പാടം' തിയേറ്ററുകളിലെത്തി.

»SYNOPSIS ■മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ ചിത്രം, മുംബൈയില്‍ ജോലി ചെയ്യുന്ന നാല്‍പ്പതുകാരനായ കൃഷ്ണന്റെ ജീവിതകഥയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍, ബാല്യകാലസുഹൃത്തായ ഗംഗനെ അന്വേഷിച്ച്‌ നാട്ടിലേക്ക് മടങ്ങിയെത്തുന്ന കൃഷ്ണന്‍ അംഗീകരിക്കേണ്ടിവന്ന ചില യാഥാര്‍ത്ഥ്യങ്ങളും, അദ്ദേഹത്തിന്റെ സ്മരണകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

👥CAST & PERFORMANCES ■കൃഷ്ണന്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍. വ്യത്യസ്ഥ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തത്പരനായ ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സുകളിലൊന്നാണ് കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്‍. വിവിധപ്രായങ്ങളിലുള്ള കഥാപാത്രമായി പക്വതയോടുകൂടിത്തന്നെ അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.

■ചിത്രത്തില്‍, ഏറെ പ്രാധാന്യമുള്ള ബാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മണികണ്ഠന്‍. ഗംഗന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനായകന്‍. ഈ രണ്ടു നടന്മാരും അഭിനയിക്കുകയാണോ എന്നുപോലും തോന്നും വിധത്തിലുള്ള അതിഗംഭീര പ്രകടനമായിരുന്നു.

■ബെന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെ, അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ അഞ്ജലി അനീഷ് ഉപാസന, പി. ബാലചന്ദ്രന്‍ എന്നിവര്‍ കൃഷ്ണന്റെ മാതാപിതാക്കളുടെ വേഷവും, അനിമോള്‍ (അനിത) എന്ന നായികാകഥാപാത്രത്തെ ഷോണ്‍ റോമിയും അവതരിപ്പിച്ചു.

■ഇറച്ചിവെട്ടുകാരന്‍ ബിജു എന്ന (കരാട്ടെക്കാരനായ) കഥാപാത്രമായി പ്രത്യക്ഷപ്പെട്ട സൗബിന്‍ ഷാഹിര്‍ നിങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കും. സൗബിന്‍ ഷാഹിര്‍ ഇന്നുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥനായിരുന്നു ഈ ചിത്രത്തില്‍.

■അലന്‍ഷ്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, പി. ബാലചന്ദ്രന്‍, വിനയ് ഫോര്‍ട്ട്, മുത്തുമണി, അമല്‍ഡ ലിസ്, ഷൈന്‍ ടോം ചാക്കോ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

📽CINEMATOGRAPHY ■ചായാഗ്രഹകന്‍ കൂടിയായ രാജീവ് രവിയുടെ ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മധു നീലകണ്ഠന്‍. പല കാലഘട്ടങ്ങളിലെ രംഗങ്ങള്‍ നന്നായിത്തന്നെ ക്യാമറയില്‍ പകര്‍ത്തപ്പെട്ടു.

»STUNTS ■ദിലീപ് സുബ്ബരായന്‍ നിര്‍വ്വഹിച്ച സംഘട്ടനരംഗങ്ങള്‍ ഈ ആക്ഷന്‍ ചിത്രത്തിനു മുതല്‍ക്കൂട്ടായിരുന്നു. ഇറച്ചിമാര്‍ക്കറ്റില്‍ വച്ചുള്ള സംഘട്ടനവും, ജയിലില്‍ വച്ചുള്ള രംഗവും, ഒരു മലയാള ചിത്രത്തിന്റെ ലെവലിനും മുകളിലായിരുന്നു.

🎵

🎧

MUSIC & ORIGINAL SCORES ■കെ, ജോണ്‍ പി.വര്‍ക്കി, വിനായകന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് ഈണമൊരുക്കിയത്. ആദിഭഗവാന്‍ എന്ന ടൈറ്റില്‍ സോംഗ് ഉള്‍പ്പെടെ, കഥാസന്ദര്‍ഭങ്ങളുടെ തീവ്രത നിലനിറുത്തുവാന്‍ തക്കവിധമൊരുക്കിയ പശ്ചാത്തലസംഗീതം അതിഗംഭീരമായിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുന്‍പ്, പ്രത്യേകസാഹചര്യത്തില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഗാനം ഹൃദയഭേദകമാണ്.

»OVERALL VIEW ■ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ശക്തമായ ഒരു കഥ, വളരെ മികച്ച തിരക്കഥ, ഒട്ടും സിനിമാറ്റിക് അല്ലാത്ത സംഭാഷണങ്ങള്‍, മിതമായ വേഗതയിലുള്ളതും, ബോറടിപ്പിക്കാത്തതുമായ മികച്ച ആവിഷ്കാരം.

■നായകന്റെയും, സുഹൃത്തുക്കളുടേയും ബാല്യം, വളര്‍ച്ച, വെല്ലുവിളികള്‍ എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ട് മുന്‍പോട്ടുപോയ ഗംഭീര ആദ്യപകുതിയും, അതിനോടു ചേര്‍ന്നു നില്‍ക്കുന്ന രണ്ടാം പകുതിയും, അപ്രതീക്ഷിതവും എന്നാല്‍ വളരെ തൃപ്തികരമായ മികച്ച ക്ലൈമാക്സും.

■സൗഹൃദം, കുടുംബജീവിതം, പ്രണയം പ്രതികാരം തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം, സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഒട്ടും അസ്വാഭാവികത തോന്നാത്തവിധത്തില്‍ അത് ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു.

■എറണാകുളം നഗരം ഇപ്പോള്‍ സ്ഥിതിചെയ്യുന്നിടത്ത്, മുന്‍പ് വലിയ പാഠശേഖരങ്ങളായിരുന്നു. കാര്‍ഷികവൃത്തി നടത്തി ജീവിച്ച പാവപ്പെട്ടവരും അധ്വാനിക്കുന്നവരും ആയ ജനങ്ങളിലേക്ക് വികസനങ്ങള്‍ കടന്നുവന്നപ്പോള്‍, അതവരെ ഏതെല്ലാം വിധത്തില്‍ ബാധിച്ചു എന്നതിലേക്കും, തന്റെ നിലനില്‍പ്പിന് വേണ്ടി മനുഷ്യര്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍, തുടങ്ങിയ വിഷയങ്ങളിലേക്കും ചിത്രം കടന്നു ചെല്ലുന്നു.

■അതോടൊപ്പം തന്നെ, പാവങ്ങളെയും, പ്രതികരണശേഷിയില്ലാത്തവരേയും ആശ്രയിച്ച്‌, അവരെ ചൂഷണം ചെയ്ത് കാര്യങ്ങള്‍ സാധിച്ച്‌, ഒടുവില്‍ അവരെ കറിവേപ്പില പോലെ എടുത്തുകളയുന്ന സമ്ബന്നവര്‍ഗ്ഗത്തെ ചിത്രത്തിലൂടെ തുറന്നുകാട്ടുന്നു.

■ഈ ചിത്രം, ഇന്നത്തെ രാഷ്ട്രീയാവസ്ഥയുമായി ചിന്തിക്കുമ്ബോള്‍ കാലോചിതമാണ്. വികസനം എന്ന മുദ്രാവാക്യവുമായി, രാഷ്ട്രീയനേതാക്കള്‍ മുന്‍പോട്ടുപോകുമ്ബോള്‍, മണ്ണിനെ ആശ്രയിച്ചുജീവിക്കുന്ന സാധാരണക്കാരനെ അതു ബാധിക്കുന്ന വിധങ്ങളും ധനാഢ്യരേക്കാളേറെ അതിനിരകളാവുന്ന, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്കും ചിത്രം കടന്നു ചെല്ലാനിടയായി.

■മാനുഷിക ബന്ധങ്ങള്‍ക്കു വിലകല്‍പ്പിക്കുന്ന ഈ ചിത്രത്തില്‍, സ്വന്തം ജീവിതത്തേക്കാളുപരി, സൗഹൃദത്തിന് പ്രാധാന്യം കൊടുക്കുന്ന ജീവിതത്തെ പ്രതിനിധീകരിക്കുന്ന നായകകഥാപാത്രത്തെ ഒരുക്കിയതോടൊപ്പം, പരസ്പരം നന്നായി അറിയാവുന്നവരില്‍ പോലും ഉടലെടുക്കുന്ന നിസാര പ്രശ്നങ്ങള്‍ ചിലപ്പോള്‍ സ്വരച്ചേര്‍ച്ചയില്ലായ്മയിലേക്കും, ഒടുവില്‍ വലിയൊരു പ്രശ്നത്തിലേക്കും നയിക്കപ്പെടും എന്ന മുന്നറിയിപ്പു നല്‍കുന്നതോടൊപ്പം അതിനെ മുതലെടുത്ത്, ചേരിതിരിവ് സൃഷ്ടിക്കുന്ന മറ്റുചിലരേയും ചിത്രത്തില്‍ ദൃഷ്ടാന്തീകരിച്ചിരിക്കുന്നു.

■മുന്‍ 'രാജീവ് രവി' ചിത്രങ്ങളിലേതുപോലെ തന്നെ, കാസ്റ്റിംഗ് എടുത്തുപറയേണ്ടതാണ്. മണികണ്ഠന്‍, വിനായകന്‍ എന്നീ അഭിനയതാക്കളെ പരമാവധി ചൂഷണം ചെയ്യന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാജീവ് രവി എന്ന സംവിധായകന്റെ ഐഡന്റിറ്റി എടുത്തുകാണിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുടനീളം ഉണ്ടായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച ഈ ചിത്രത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം, മുന്‍ രാജീവ് രവി ചിത്രങ്ങള്‍ പോലെ തന്നെ, ഓരോ പ്രേക്ഷകനേയും തൃപ്തിപ്പെടുത്തും തീര്‍ച്ചയായും

»RATING: 3.75/★★★★★

NEWS VIDEO'S
NCTV NEWS

NCTV NEWS