• ENJOY NCTV NEWS @ CHANNEL NO:4 IN KERALAVISION STB
  • WATCH NCTV NEWS AT 6.30AM, 8 AM, 4PM, 6PM,7PM & 10PM

വാർത്തകൾ വിശദമായി

ചെങ്ങാലൂരില്‍ നിന്ന് നെല്ലായിലേയ്ക്ക് കുറുമാലിപ്പുഴ കുറുകെ കടക്കാനുള്ള നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം


ചെങ്ങാലൂരില്‍ നിന്ന് നെല്ലായിലേയ്ക്ക് കുറുമാലിപ്പുഴ കുറുകെ കടക്കാനുള്ള നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. സ്ഥലം പരിശോധനയും ദിശയും അപ്രോച്ച് റോഡും അടയാളപ്പെടുത്തലും ഈ മാസം തന്നെ കരാറുകാര്‍ ആരംഭിക്കുമെന്ന് മന്ത്രി സി. രവിന്ദ്രനാഥിന്റെ ഓഫിസ് പ്രതികരിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. മുമ്പ് ആവശ്യപ്പെട്ടതുപോലെ റഗുലേറ്റര്‍ ഇവിടെ ഉണ്ടായിരിക്കുകയില്ല. കാനത്തോടില്‍(കുണ്ടുകടവില്‍) ചെക്ക് ഡാം പണിയുന്നതുകൊണ്ട് നെല്ലായിയില്‍ റഗുലേറ്ററിന്റെ ആവശ്യം വരുന്നില്ലെന്നാണ് വിദഗ്ധാഭിപ്രായമെന്നും എംഎല്‍എയുടെ ഓഫിസ് പ്രതികരിച്ചു. പുതുക്കാട് നിയോജക മണ്ഡലത്തിലെ കുറുമാലിപ്പുഴയുടെ അക്കരേയും ഇക്കരയുമുള്ള രണ്ടാംകല്ലില്‍ നിന്ന് നെല്ലായിലേയ്ക്ക് വരണമെങ്കില്‍ എട്ടുകിലോമീറ്റര്‍ റോഡുമാര്‍ഗം യാത്രചെയ്യണം. ഇവിടെ ഒരു പാലം വേണമെന്ന ആവശ്യത്തിന് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ദേശീയപാതയോരത്ത് നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ കടവ് ഇന്നറിയപ്പെടുന്ന ഇവിടെ ഇപ്പോഴും നിരവധിപേര്‍ വഞ്ചിക്കടത്തിനെ നിത്യേന ആശ്രയിക്കുന്നുണ്ട്. ഇത്തവണ സംസ്ഥാന ബജറ്റില്‍ ഇവിടെ പാലം നിര്‍മാണത്തിനായി അഞ്ചുകോടി രൂപ വകയിരുത്തിയതായുള്ള വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ഇന്നാട്ടുകാര്‍ സ്വീകരിച്ചത്. ഏറെക്കാലത്തെ മുറവിളിക്കുശേഷം കഴിഞ്ഞ ജൂണില്‍ എന്‍സിടിവിയാണ് നെല്ലായി ലിഫ്റ്റ് ഇറിഗേഷനില്‍ പാലം എന്ന ആവശ്യം വീണ്ടും സജീവ ചര്‍ച്ചയിലെത്തിച്ചത്. ചെങ്ങാലൂരില്‍ നിന്ന് വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പെടെ നിരവധിപ്പേരാണ് സ്ഥിരമായി അക്കരയെത്താന്‍ ഇവിടെ കടത്തിനെ ആശ്രയിക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ ചെങ്ങാലൂരില്‍ നിന്ന് ദേശീയപാതയിലേയ്ക്ക് പ്രവേശിച്ച് ചാലക്കുടി, ഇരിങ്ങാലക്കുട ഭാഗങ്ങളിലേയ്ക്ക് വേഗത്തിലെത്താം. പാലം നിര്‍മ്മാണം യാഥാര്‍ഥ്യമാക്കുന്നതിനായി എം.ഡി. കുഞ്ഞുവറീത്, സി.കെ. ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.

NEWS VIDEO'S
NCTV NEWS

NCTV NEWS