പി. പത്മരാജന്... ആ ഒരൊറ്റ പേരില്‍ എല്ലാമുണ്ട്. പി. പത്മരാജന് എന്ന പേരിലേക്ക് മലയാള സിനിമ ചുരുങ്ങിയ കാലത്തായിരുന്നു അദ്ദേഹത്തിന്റെ മരണവും. ആകസ്മികമായി മരണം തട്ടിയെടുത്ത പ്രതിഭാശാലിയുടെ ഓര്‍മ്മകള്‍ക്ക് ബുധനാഴ്ച 27 വയസ് തികയും. മലയാളത്തിന് ചാര്‍ത്തി നല്കാന് ഒരുപാട് പൊന്തൂവലുകള് ബാക്കിയാക്കിയാണ് അതുല്യനായ കലാകാരന് വിടവാങ്ങിയത്. ഒരുപക്ഷേ പത്മരാജന് സിനിമാക്കാരനായിരുന്നില്ലെങ്കില്‍ സാഹിത്യകാരനാകുമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പുഴയൊഴുകുന്ന പോലെയായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍.. സര്‍ഗാത്മകതയുടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ചലച്ചിത്രകാവ്യങ്ങള്‍. പ്രണയം നെയ്തെടുത്ത എഴുത്ത്കാരന് നഷ്ടപ്രണയത്തേയും വരച്ചിട്ടു. മലയാളികളുടെ മനസില്‍ നിന്നും മായാത്ത സ്വരങ്ങളായി ആ കഥാപാത്രങ്ങളിന്നും പരസ്പ്പരം പറയുന്നു... വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും.. ഞാന്‍ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക. 1975 ല്‍ പ്രയാണം എന്ന ചലച്ചിത്രത്തിന് തിരക്കഥ രചിച്ചായിരുന്നു പത്മരാജന്റെ രംഗപ്രവേശം. മധ്യവര്‍ത്തി സിനിമകളുടെ ചുക്കാന്‍പിടിച്ച ഭരതന് - പത്മരാജന് കൂട്ടുകെട്ടുണ്ടായത് രണ്ടാമത്തെ ചലച്ചിത്രം മുതല്‍. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കടക്കം 36 തിരക്കഥകള്‍ രചിച്ചു. 18 ചലച്ചിത്രങ്ങള്‍ സംവിധാനവും ചെയ്തു. ഒരിടത്തൊരു ഫയല്വാന്, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, തൂവാനതുമ്പികള്‍, മൂന്നാംപക്കം, ഞാന്‍ ഗന്ധര്വ്വന് തുടങ്ങിയ ചലച്ചിത്രങ്ങള്‍ മാത്രം മതി പത്മരാജന്റെ പ്രതിഭയറിയാന്‍... അഭ്രപാളികളില്‍ വിസ്മയിപ്പിച്ച പത്മരാജന് സിനിമകളിപ്പോഴും പാഠമാണ്.. പുതിയകാലത്തും പുതുമയാണ് ആ കഥയും കാഴ്ചയും. കാലത്തിന്റെ കൈത്തെറ്റായി 46-ാം വയസില്‍ ആക്സ്മികമായ മരണവും പത്മരാജന് സിനിമകളിലെ പ്രണയം പോലെ നമ്മെ വേദനിപ്പിക്കുന്നു.... കഥാവശേഷനായിട്ടും കാലാതീതനാവുകയാണ് പത്മരാജന്....ഗന്ധര്‍വ്വനെപ്പോലെ....