ടോള്‍ പിരിവിനോടുള്ള ജനരോഷം ദുര്‍ബലപ്പെടുത്തുകയും പാലിയേക്കര ടോള്‍ പ്ലാസയിലെ പ്രാദേശിക വാഹന ങ്ങള്‍ക്കുള്ള സൗജന്യം നിര്‍ത്തലാക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യത്തോടെ നാഷണല്‍ ഹൈവേ അതോറിറ്റി നടപ്പിലാക്കുന്ന ഫാസ്ടാഗ് പരിഷ്കാരത്തിനെതിരെ ഡിസംബര്‍ ഒന്നിന് രാവിലെ 10.30ന് ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി ജി മോഹനന് അറിയിച്ചു. എ ഐ വൈ എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുമായി ചേര്‍ന്നാണ് മാര്‍ച്ച് നടത്തുക. യാത്ര സുഗമമാക്കുകയല്ല, ടോള്‍ പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗ് കൊണ്ട് നാഷണല്‍ ഹൈവേ അതോറിറ്റിയും ടോള്‍ കമ്പനിയും യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത്. ഫാസ്ടാഗിനല്ലാതെ മാറ്റിവെക്കുന്ന ഒരു വരിയില്‍ മാത്രം ദീര്‍ഘ സമയം കാത്തുകിടന്ന് കഷ്ടപ്പെടുമ്പോള്‍ പ്രാദേശിക വാഹന ഉടമകള്‍ സൗജന്യം ഉപേക്ഷിച്ച് ഫാസ്ടാഗിലേക്ക് മാറുമെന്നാണ് എന്‍ എച്ച് എ ഐ കണക്കുകൂട്ടുന്നത്. അതുകൊണ്ടാണ്, ത്യാഗപൂര്‍ണമായ സമരത്തിലൂടെ ജനങ്ങള്‍ നേടിയ പത്തുകുലോമീറ്റര് ചുറ്റളവില്‍ ഉള്ളവരുടെ യാത്ര സൗജന്യം നിലനിര്‍ത്താന്‍ വേണ്ടിയും ഫാസ്ടാഗ് പരിഷ്കാരത്തിന്റെ പിന്നിലെ ഗൂഢാലോചന തുറന്നുകാട്ടിക്കൊണ്ടും സമരം സംഘടിപ്പിക്കാന്‍ പാര്‍ട്ടിയും എ ഐ വൈഫ് എഫും തീരുമാനിച്ചിട്ടുള്ളത്. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി എസ് പ്രിന്‍സ്, എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സന്ദീപ്, ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. മണ്ഡലം കമ്മിറ്റി യോഗത്തില്‍, പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം കെ എം ചന്ദ്രന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി ജി മോഹനന്, അസിസ്റ്റന്റ് സെക്രട്ടറി പി കെ ശേഖരന്, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി എം നിക്സണ്, കെ എസ് തങ്കപ്പന്, വി എസ് ജോഷി, അഡ്വ. എം എ ജോയ് എന്നിവര്‍ പ്രസംഗിച്ചു.
main
copyrights © 2018 nctv news. All rights reserved.