Main
All Categories

Uploaded at 1 week ago | Date: 15/05/2019 10:47:26

ദൃശ്യ - ശ്രവ്യ - വര്‍ണ്ണ വിസ്മയമൊരുക്കി തൃശ്ശൂര്‍ പൂരം  വെടിക്കെട്ട് സമാപിച്ചു .കനത്ത സുരക്ഷയിലാണ്  തേക്കിന്‍കാട്  മൈതാനിയില്‍ മാനത്തെ പൂരം നടന്നത്.ആദ്യം തിരുവമ്പാടിയും ശേഷം പാറമേക്കാവുമാണ് വെടിക്കെട്ടിന് തിരി തെളിയിച്ചത്. പുലര്‍ച്ചെ 3.45 ന് ശേഷമാണ്  തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് തിരി കൊളുത്തിയത് .പിറകെ അഞ്ച് മണിയോട് കൂടി പാറമേക്കാവും വര്‍ണ വിസ്മയത്തിനു തിരി കൊളുത്തി.  കനത്ത പോലീസ് സുരക്ഷയിലാണ് ഇത്തവണയും വെടിക്കെട്ട് നടത്തിയത്.പുലര്‍ച്ച 2 മണിയോടെ തന്നെ പോലീസ് വെടിക്കെട്ട് കാണാനെത്തിയ പൂര പ്രേമികളെ റോഡില്‍ നിന്നും മാറ്റി. ഫയര്‍ ഫോഴ്‌സ് അടക്കമുള്ള സുരക്ഷാ വലയം തീര്‍ക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. ഓലപ്പടക്കം അമിട്ട്  ഗുണ്ട് കുഴിമിന്നി  എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചത്.

വെടിക്കെട്ടിന് പച്ച നിറം കൊടുക്കുന്ന ബേറിയതിനു നിയന്ത്രണമുള്ളതു കൊണ്ട് മറ്റു വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്താണ് ഇരു വിഭാഗങ്ങളും വെടിക്കെട്ട് നടത്തിയത്. നി തട്ടകക്കാരുടെ പൂരം എന്നറിയപ്പെടുന്ന പകല്‍പ്പൂരത്തിന് ശേഷം ഉച്ചയോടെ ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി ശ്രീ മൂലസ്ഥാനത്ത് നിന്നും അടുത്ത പൂരത്തിന് കാണാമെന്ന ചൊല്ലോടെ വിടവാങ്ങും.ഇതോടെ ഔപചാരികമായി പൂരത്തിന്  സമാപനമാകും.ഒരാണ്ട് കാത്തുവെച്ച നിറച്ചാര്‍ത്തുകള്‍, പൂര്‍ത്തിയായത് അറിഞ്ഞില്ല കണ്ണുകളെ ഈറനണിയിച്ച യാത്രപറയല്‍.  ഒന്നരനാളിലെ പൂരാഘോഷത്തിന് വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് കലാശം. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനു മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം പറഞ്ഞു. വീണ്ടും വര്‍ഷത്തിന്റെ കാത്തിരിപ്പ്. പൂരനാളില്‍ അതിഥികള്‍ക്കായി ഒരുക്കിയ തൃശൂരുകാര്‍ ചൊവ്വാഴ്ചയിലെ പൂരം സ്വന്തമാക്കി. പൂരനാളില്‍ സ്ത്രീകള്‍ക്ക് പൂരം കാണുന്നതിനായി പൊലീസ് സൗകര്യമൊരുക്കിയിരുന്നുവെങ്കിലും തട്ടകപ്പൂരം ആസ്വദിക്കാതെ സംതൃപ്തിയാവാത്ത തൃശൂരുകാര്‍ ഉപചാരത്തിനുമൊപ്പമുള്ള പകല്‍പ്പൂരം ആസ്വദിച്ചു. ശ്രീമൂലസ്ഥാനത്തിനിരുപുറവുമായി പെരുവനവും കിഴക്കൂട്ടും കൊട്ടിപ്പെരുക്കിയ പാണ്ടിമേളം വെയില്‍ച്ചൂടിനെ വകവെയ്ക്കാതെ ജനങ്ങള്‍ ആസ്വദിച്ചു. തിങ്കളാഴ്ച മഠത്തില്‍ വരവിലും ഇലഞ്ഞിത്തറയിലും കുടമാറ്റത്തിലും പുലരിയിലെ വെടിക്കെട്ടിലുമെല്ലാം പൂരം നിറച്ച്, മതിവാരാതെയത്തെിയ ആയിരങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചായിരുന്നു ഭഗവതിമാരുടെ യാത്രപറച്ചില്‍. രാവിലെ 8.30 ഓടെയാണ് പകല്‍പ്പൂരത്തിന് തുടക്കമായത്. കഴിഞ്ഞ നാളില്‍ വെളുപ്പിന് കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് കണ്ട് തുടങ്ങി ചൊവ്വാഴ്ച പുലരിയിലെ വെടിക്കെട്ട് കണ്ടിട്ടും മതിവരാതെ നിന്ന പതിനായിരങ്ങള്‍ പകല്‍പ്പൂരം കാണാനുണ്ടായിരുന്നു. നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്പാടിയും മണികണ്ഠനാലില്‍ നിന്ന് പാറമേക്കാവും പൂരപുറപ്പാട് തുടങ്ങി. കൊമ്പന്‍ ചന്ദ്രശേഖരന്റെ മസ്തകത്തിലായിരുന്നു തിരുവമ്പാടി ഭഗവതിയുടെ എഴുന്നെള്ളത്ത്. കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്റെ ശിരസിലേറിയായിരുന്നു പാറമേക്കാവിലമ്മയുടെ വരവ്. കിഴക്കൂട്ട് അനിയന്‍മാരാരും പെരുവനം കുട്ട•ാരാരും ഇരുവിഭാഗത്തിന്റെ മേളത്തിനും നേതൃത്വം നല്‍കി.12 മണിയോടെ  മേളം കലാശിച്ച് പാറമേക്കാവ് വിഭാഗം ശ്രീമൂല സ്ഥാനം വലംവെച്ച് നിന്നു. അരമണിക്കൂറിനകം തിരുവമ്പാടിയുടെ മേളവും തീരുകലാശം കൊട്ടി. പിന്നീട് വടക്കുന്നാഥനെ വണങ്ങാന്‍ അകത്ത് പോയി. പാറമേക്കാവിലമ്മ നടുവിലാല്‍ ഗണപതിയെ വലം വെച്ചശേഷം ശ്രീമൂലസ്ഥാനത്ത് നിലകൊണ്ടു. പിന്നാലെ തിരുവമ്പാടി ഭഗവതി വടക്കുന്നാഥക്ഷേത്തില്‍ നിന്നുമെത്തി. മേളത്തിന്റെ  അകമ്പടിയിലായിരുന്നു ചടങ്ങുകള്‍. വടക്കൊട്ട് തിരിഞ്ഞ് തിരുവമ്പാടിയുടെ ചന്ദ്രശേഖരനും തെക്കൊട്ട് അഭിമുഖമായി പാറമേക്കാവിന്റെ  ഗുരുവായൂര്‍ നന്ദനും നിന്നു. കൃഷ്ണമണിയനക്കാതെ പതിനായിരങ്ങളും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഉപചാരത്തിന് ശേഷമായിരുന്നു വെടിക്കെട്ട്. പകല്‍പ്പൂരം കാണാനെത്തിയവരെയും, പുലര്‍ച്ചെയിലെ പ്രധാന വെടിക്കെട്ടും കാണാനെത്തിയവരെയും വെടിക്കെട്ട് നിരാശരാക്കിയില്ല. കുഴിമിന്നിയും, അമിട്ടും ഓലപ്പടക്കവും വാനിലും മണ്ണിലും ആഹ്‌ളാദപ്പൂരം തന്നെയായിരുന്നു സമ്മാനിച്ചത്. ആചാരനിറവോടെ, കതിനവെടികളുടെ മുഴക്കം ബാക്കിയാക്കി പാറമേക്കാവിലമ്മ വടക്കുംനാഥക്ഷേത്രത്തിലൂടെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങി. തിരുവമ്പാടി ഭഗവതി നിലപാടുതറ വഴിയും. ഇതിനിടയില്‍ പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടിയുടെ കൗസ്തുഭം ഓഡിറ്റോറിയത്തിലും പൂരക്കഞ്ഞി കൊടുത്തു തുടങ്ങിയിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സുരക്ഷാ നിര്‍ദ്ദേശങ്ങളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും പൊലീസ് അപ്പഴപ്പോള്‍ പൊലീസ് മൈക്കിലൂടെ നല്‍കി കൊണ്ടിരുന്നത് പൂരപ്രേമികള്‍ക്ക് ആശ്വാസകരമായിരുന്നു. വെടിക്കെട്ട് പൂര്‍ണ്ണമായതോടെ സുരക്ഷയെ തുടര്‍ന്ന് ഒഴിപ്പിച്ച ജനക്കൂട്ടം  തേക്കിന്‍കാട്ടിലേക്കും ശ്രീമൂലസ്ഥാനത്തേക്കും ഓടിയടുത്തു. പിന്നെയൊരോരുത്തരും വഴിപിരിഞ്ഞു...ഒരാണ്ട് കാത്തുവെച്ച പൂരം അവസാനിച്ചപ്പോള്‍....എല്ലാം നിറഞ്ഞൊഴുകിയ തേക്കിന്‍കാട് വീണ്ടും ശാന്തമായി

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.