Main
All Categories

Uploaded at 2 months ago | Date: 14/03/2019 10:02:41

അസൗകര്യങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് വിടനല്‍കി പുതുക്കാട് താലൂക്ക് ആശുപത്രി കൂടുതല്‍ സൗകര്യങ്ങളോടെ പൊതുജന സൗഹൃദമാക്കുന്നു. ആശുപത്രിയ്ക്കായി സര്‍ക്കാര്‍, എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളില്‍ നിന്ന് ലഭിച്ച 1.3 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. 

ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ആശുപത്രിയുടെ വികസനത്തിനുപിന്നില്‍. 

ഒരു വര്‍ഷം മുമ്പ് വരെ പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്ത് എത്തുന്ന രോഗികള്‍ക്ക് അസുഖകരമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. 

പൊതുജന ആരോഗ്യ കേന്ദ്രമായ ആശുപത്രിയുടെ പുറകിലും വശത്തിലും മാലിന്യകൂമ്പാരമായിരുന്നു. ഇന്ന് അവിടെ ഒരു പൂന്തോട്ടമാണ്. 

വേനലില്‍ കിണറ്റില്‍ വെള്ളമില്ലാതിരുന്നത് വിവാദമായിരുന്നു. ഇന്ന് വെള്ളത്തിനായി നവീകരിച്ച കിണറും കുഴല്‍കിണറും പൈപ്പ് സൗകര്യങ്ങളും ഉണ്ട്. 

വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ ജനറേറ്ററും സോളാര്‍ സംവിധാനവുമുണ്ട്. ആശുപത്രി കണ്ടാല്‍തന്നെ കുട്ടികള്‍ കരയുന്ന അന്തരീക്ഷത്തില്‍ നിന്നും പാര്‍ക്കും കളിസ്ഥലവും ഉള്‍പ്പെടുത്തി ശിശുസൗഹദ കേന്ദ്രമാക്കി മാറ്റി. 62 തരം ഔഷധ സസ്യങ്ങളും 200 ലധികം ചെടികളും കൊണ്ട് സൗന്ദര്യവല്‍ക്കരണം നടത്തി. താലൂക്ക് ആശുപത്രിയിലെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു എക്സറെ യൂണിറ്റ് ആരംഭിക്കണമെന്നത്. കംപ്യൂട്ടറൈസ്ഡ് എക്സറെ യൂണിറ്റ് രണ്ടാഴ്ച മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് പ്രവര്‍ത്തന സമയം. ലാബ് കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ചു. 

ഒപിയില്‍ ആവശ്യത്തിന് ഇരിപ്പിടങ്ങളും സൂചന ബോര്‍ഡുകളും സ്ഥാപിച്ചു. ടിവി, ടോക്കണ്‍ സംവിധാനം, കുടിവെള്ളം, ഫാന്‍ സൗകര്യങ്ങളും ഒരുക്കി. 

സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആരംഭിച്ചു. 25 വര്‍ഷത്തിനുശേഷം പ്രസാവാശുപത്രി പുനരാരംഭിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. 

പ്രതിവര്‍ഷം 300 സാധാരണ പ്രസവം നടക്കുന്ന സ്ഥാപനമായി ഉയര്‍ത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. 

ഇതിനായി ഓപ്പറേഷന്‍ തിയേറ്ററിന്റെയും ലേബര്‍ റൂമിന്റേയും നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. 

ശിശുരോഗ വാര്‍ഡിന്റേയും പണികള്‍ പുരോഗമിക്കുന്നു. 1.33 കോടി രൂപ വിനിയോഗിച്ച് 8 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റിന്റേയും നിര്‍മാണം നടക്കുന്നുണ്ട്. 6 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീരിക്കുമെന്നാണ് പ്രതീക്ഷ. 

ശോച്യാവസ്ഥയിലായ പുരുഷന്‍മാരുടെ വാര്‍ഡ് കെട്ടിടം പുതുക്കി പണിയുന്നതിന് 75 ലക്ഷം രൂപയും ഇവിടെ ആനുവദിച്ചിട്ടുണ്ട്. 

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി.കെ. ലതിക, ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോര്‍ജ് മാത്യു, എന്‍എച്ച്എം മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. സഞ്ജീവ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എന്‍. വിദ്യാധരന്‍ എന്നിവരടങ്ങിയ സംഘമാണ് ആശുപത്രി വികസനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.