Main
All Categories

Uploaded at 4 days ago | Date: 14/01/2020 10:45:06

ഈ വര്‍ഷം ടോക്കിയോവില്‍ നടക്കുന്ന ഒളിമ്പിക്സില്‍ കേരളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാവുമെന്ന് കായിക-വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. തൃശൂര്‍ വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കി ലോക കായിക ഭൂപടത്തില്‍ കേരളത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത ഒളിമ്പിക്സില്‍ കേരളം മെച്ചപ്പെട്ട നില കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച കേരള ടീമാംഗങ്ങള്‍ക്ക് ജോലി നല്‍കാനും കായിക പ്രതിഭകളെ സംരക്ഷിക്കാനും നടപടി സ്വീകരിക്കും. ഇതിനായി സൂപ്പര്‍ ന്യൂമെററി തസ്തികള്‍ സൃഷ്ടിച്ചു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിക്കും. സ്പോര്‍ട്സ് ക്ലബുകളെ അവയുമായി അഫിലിയേറ്റ് ചെയ്യും. ഓരോ പ്രദേശത്തെയും കായികപ്രതിഭകളെ കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കായിക മേഖലയില്‍ ആയിരം കോടി രൂപയുടെ മുതല്‍ മുടക്കാണ് സര്‍ക്കാര്‍ നടത്തിയത്. കായികതാരങ്ങള്‍ക്ക് ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. 43 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും 33 സ്വിമ്മിങ് പൂളുകളും കായികവകുപ്പ് ആരംഭിച്ചു. കോളേജുകളില്‍ കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ടര്‍ഫ് നഗരസഭയുടെ ചുമതയിലാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സ്റ്റേഡിയം കായിക വകുപ്പിന് കീഴിലല്ല. സ്റ്റേഡിയത്തിന്റെ തകരാറുകള്‍ കോര്‍പ്പറേഷന്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

42.95 ലക്ഷം രൂപ മുതല്‍ മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫിറ്റ്നസ് സെന്റര്‍ സ്ഥാപിച്ചത്. തൃശ്ശൂര്‍  മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഐ എം വിജയന്‍, ചലച്ചിത്രതാരം ജയരാജ് വാര്യര്‍, കൗണ്‍സിലര്‍മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കെ മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.