Main
All Categories

Uploaded at 3 weeks ago | Date: 17/09/2019 11:56:37

പിഎസ്സി നടത്തുന്ന കെഎഎസ് അടക്കമുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ മലയാളത്തില്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരമായി. ഇക്കാര്യത്തിലെ പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയും പിഎസ്സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാകാന്‍ തത്വത്തില്‍ ധാരണയായത്. പരീക്ഷകള്‍ മലയാളത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു. പിഎസ്സി ചോദ്യപേപ്പറുകള്‍ മലയാളത്തിലാക്കുമ്പോള്‍ നേരിടുന്ന വിഷമതകളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും ഇത് പരിഹരിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎസ്സി ചെയര്‍മാനെയും യോഗത്തില്‍ പങ്കെടുപ്പിക്കും. കൂടാതെ ശാസ്ത്ര, കംപ്യൂട്ടര്‍ വിഷയങ്ങളില്‍ മലയാളത്തിനായി വിജ്ഞാന ഭാഷാ നിഘണ്ടു ഉണ്ടാക്കുവാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ പ്ലസ് ടു അടിസ്ഥാന യോഗ്യതയായിട്ടുള്ള എല്ലാ പരീക്ഷകള്‍ക്കും പിഎസ്സി മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കുന്നുണ്ട്. 90 ശതമാനം പരീക്ഷകളും അതില്‍ ഉള്‍പ്പെടും. അതിന് മുകളില്‍ ഉള്ള പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കി ഉത്തരങ്ങള്‍ മലയാളത്തിലും എഴുതുന്ന സംവിധാനമാണുണ്ടായിരുന്നത്. സര്‍വകലാശാലകളില്‍ ഇത്തരത്തില്‍ പരീക്ഷ എഴുതുന്ന മാതൃകയാണ് പിഎസ്സി സ്വീകരിച്ചിരുന്നത്. എന്നാല്‍, ചോദ്യപേപ്പറും മലയാളത്തില്‍ വേണമെന്ന ആവശ്യം നടപ്പാക്കാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ ശാസ്ത്ര, കംപ്യൂട്ടര്‍ സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഭാഷാപരിമിതി നേരിടുന്നുണ്ട്. അത് മറികടക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മറ്റ് ഭാഷകള്‍ക്ക് എതിരായ സമീപനം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.