Main
All Categories

Uploaded at 2 weeks ago | Date: 31/08/2019 10:32:02

കുറുമാലിപുഴയില്‍ വീണ മരങ്ങള്‍ ഇനിയും നീക്കം ചെയ്യാത്തത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ പ്രളയത്തില്‍ മലവെള്ളത്തില്‍ ഒഴുകിവന്നതും കടപുഴകി വീണതുമായ വന്‍മരങ്ങള്‍ പുഴയില്‍ പലയിടങ്ങളിലുമായി അടിഞ്ഞുകിടക്കുകയാണ്. ചിമ്മിനി ഡാം തുറന്നാല്‍ പുഴയില്‍ വീണ മരങ്ങളെല്ലാം ആറ്റപ്പിള്ളി, മാഞ്ഞാംകുഴി റെഗുലേറ്ററുകളില്‍ ഒഴുകിയെത്തി തടഞ്ഞുനില്‍ക്കും. ഈ സാഹചര്യത്തില്‍  വീണ്ടും മേഖലയില്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് മരങ്ങള്‍ നീക്കാന്‍ വനം, ഇറിഗേഷന്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. തോട്ടം - വനം മേഖലയില്‍ വനം വകുപ്പും പുഴയുടെ അവശേഷിക്കുന്ന ഭാഗങ്ങളില്‍ ഇറിഗേഷന്‍ വകുപ്പും മരങ്ങള്‍ നീക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് മാസത്തില്‍ ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കുകയും മരങ്ങള്‍ നീക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വനം വകുപ്പിന്റെ കരാര്‍ ടെന്റര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതും കുറുമാലിപ്പുഴയിലെ മരം നീക്കാന്‍ അധികാരമില്ലെന്ന ഉത്തരവ് ഹാജരാക്കി ഇറിഗേഷന്‍ വകുപ്പ് പിന്മാറിയതും തിരിച്ചടിയായി.  ഇതിനിടെ പൊതു പ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി രവീന്ദ്രനാഥിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് വരന്തരപ്പിള്ളി പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് തുക ചിലവഴിച്ച് പ്രവര്‍ത്തനം നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. മൂന്നുലക്ഷം രൂപ ചെലവഴിച്ച് എച്ചിപ്പാറ, ചീനി, കന്നാറ്റുപാടം, കോട്ടായി കടവ്, മാഞ്ഞൂര്‍, തോട്ടുമുഖം എന്നിവിടങ്ങളില്‍ പുഴയില്‍ വീണു കിടന്ന മുളങ്കൂട്ടങ്ങളും മരങ്ങളും നീക്കം ചെയ്തു. എന്നാല്‍ ഇപ്പോഴും നീക്കം ചെയ്യാതെ നൂറുകണക്കിന് കൂറ്റന്‍ മരങ്ങളാണ് പുഴയില്‍ വീണു കിടക്കുന്നത്. മഴ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ പുഴയില്‍ വീണ മരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാത്തപക്ഷം തോട്ടം - വനം മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണി നേരിടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.