Main
All Categories

Uploaded at 1 week ago | Date: 15/02/2020 09:52:35

തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ വാണിയംപാറക്കു സമീപം കൊമ്പഴയില്‍ വന്‍ കഞ്ചാവ് വേട്ട. ചരക്ക് ലോറിയില്‍ കടത്തിയിരുന്ന 60 കിലോ കഞ്ചാവ് തൃശൂര്‍ എക്‌സൈസ് ഇന്റലിജന്റ്സ് വിഭാഗം പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായി.. പുത്തൂര്‍ സ്വദേശി  സിദ്ധാര്‍ത്ഥന്‍,  അഞ്ചേരി സ്വദേശി  സാബു എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് കടത്തിയ വാഹനം ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് കടത്തിയ ലോറി പിടിയിലായത്. ചെക് പോസ്റ്റ് വെട്ടിച്ചു കടന്ന ലോറിയാണെന്ന് കരുതിയായിരുന്നു ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ലോറി തടഞ്ഞു പരിശോധന നടത്തിയത്. കൈ കാണിച്ചിട്ടും നിറുത്താതെ പോയ ലോറിയെ വാണിയംപാറയില്‍ വെച്ച് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചതില്‍ 29 ബാഗ് കഞ്ചാവ് ചരക്ക് ലോറിയുടെ ക്യാബിനില്‍ നിന്നും കണ്ടെത്തി. ആന്ധ്രയില്‍ നിന്നും കയറ്റിയതാണ് കഞ്ചാവ്. മണ്ണുത്തി എത്തിയാല്‍ ഈ വാഹനത്തിന് മുന്‍പില്‍ പൈലറ്റ് വണ്ടി എത്തും അവര്‍ ഇറക്കേണ്ട സ്ഥലം കാണിച്ചു തരും എന്നതാണ് നിര്‍ദേശമത്രേ. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.  കഴിഞ്ഞ വര്‍ഷം ഇന്റലിജന്‍സ് 375 കിലോ കഞ്ചാവ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു മാത്രം പിടികൂടിയിരുന്നു. ഡിസംബറില്‍ 23 കിലോ പിടികൂടിയതും അത് പോലെ കഴിഞ്ഞ ദിവസം പാലക്കാട് വ്യത്യസ്ത കേസുകളിലായി പിടികൂടിയ 30 കിലോ കഞ്ചാവ് കൊണ്ടു വന്ന പ്രതികള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു. കഞ്ചാവ് കടത്തി കൊണ്ടു വരുന്നവരില്‍ ഭൂരിഭാഗം ആളുകളെയും എക്‌സൈസ് പിടികൂടുന്നുണ്ടെങ്കിലും വീണ്ടും ക്രിമിനല്‍ സംഘം നിരന്തരം കഞ്ചാവ് കടത്തി കൊണ്ടു വരുന്നത് കനത്ത ശിക്ഷയുടെ അഭാവമാണെന്ന് എക്‌സൈസ് സൂചിപ്പിക്കുന്നു. ആന്ധ്രയില്‍ നിന്നും 50, 100, 200 കിലോ കഞ്ചാവ് ലോഡുകള്‍ എല്ലാ ദിവസവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ട്രെയിന്‍, മറ്റു വാഹനങ്ങള്‍ വഴിയും കയറി പോകുന്നുണ്ട്. യുവാക്കളായ ചരക്കു ലോറി ഡ്രൈവര്‍മാര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നതായും പ്രതികളില്‍ നിന്നും മനസ്സിലായി. ലോഡ് എത്തിയാല്‍ പല പല ആളുകളിലേക്ക് അന്ന് തന്നെ കൈമാറ്റം ചെയ്തു പോകും, ബാക്കി ഒറ്റപ്പെട്ട വീടുകള്‍, പറമ്പുകള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചു വയ്ക്കും. കൂട്ടുപ്രതികളെ പറ്റി വിവരം ലഭിച്ചതായും എകസൈസ് അറിയിച്ചു. ഇന്റലിജന്‍സ് ടീമംഗങ്ങളായ കെ. മണികണ്ഠന്‍, സതീഷ്. ഒ. എസ്, ഷിബു. കെ .എസ്, മോഹനന്‍. ടി. ജി, ഷെഫീക്. ടി. എ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.