Main
All Categories

Uploaded at 1 week ago | Date: 13/04/2019 12:24:09

പ്രളയത്തില്‍ വ്യാപക നാശഷ്ടം സംഭവിച്ചിട്ടും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതിരുന്ന കല്ലൂര്‍ പള്ളം പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് കൊടകര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ വി.എ. നാസര്‍ കോളനിയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. 

പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് പുനരുദ്ധാരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും, പ്രളയം കഴിഞ്ഞ് എട്ട് മാസം പിന്നിട്ടിട്ടും കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാത്തതിന്റെ കാരണവും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. തൃക്കൂര്‍ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ക്കാണ് പട്ടികജാതി വികസന ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്. 

പ്രളയത്തില്‍ രണ്ടാഴ്ചയോളം കോളനിയില്‍ വെള്ളം കയറിയ നിലയിലായിരുന്നു. ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കോളനിയിലെ മുപ്പതോളം വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരുന്നു. 

സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനായി വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കോളനി നിവാസികള്‍ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. 

വില്ലേജ് അധികൃതരുടെ അനാസ്ഥയാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നതും, സഹായങ്ങള്‍ ലഭിക്കാത്തതിനും കാരണമായി കോളനി നിവാസികള്‍ പറയുന്നത്. വെള്ളം കയറി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും ഒഴുകി പോകുകയും ചെയ്തതോടെ ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഭൂരിഭാഗം വീടുകള്‍ക്കും ബലക്ഷയം സംഭവിച്ചുവെന്നാണ് കോളനിക്കാര്‍ പറയുന്നത്. 

ഇത്രയേറെ നാശനഷ്ടങ്ങള്‍ സംഭവിച്ച കോളനിയില്‍ വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപമുണ്ട്. 

എത്രയും വേഗം സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യത്തിലാണ് കോളനി നിവാസികള്‍.

Local

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.