Main
All Categories

Uploaded at 2 weeks ago | Date: 02/09/2018 19:43:19


‘‘ബല്യ ബല്യ പാറകൾ അന്ന് ഉരുണ്ട് വന്നക്കീണ്..എന്നാലും ഇങ്ങനെ മലയിടിഞ്ചത് ആദ്യായിട്ടാ...’’‐ കണ്ടലപ്പാറയിലെ 106 വയസുകാരി മാണി മുത്തശ്ശി പറയുന്നു.

കണ്ടലപ്പാറ കോളനിയിൽ ഉരുൾപൊട്ടൽ ആദ്യമായാണ് കണ്ടതെന്ന‌് നൂറ്റാണ്ടിന്റെ  സാക്ഷിയായ മുത്തശ്ശി പറയുന്നു.  ഇതിനുമുമ്പ് പാറകൾ ഉരുണ്ട‌് വന്നിട്ടുണ്ടെങ്കിലും  മണ്ണും പാറയും വെള്ളവും ഇതുപോലെ ഇടിഞ്ഞുവന്നിട്ടില്ലെന്ന് അവർ പറഞ്ഞു. 

   1921‐ ലെ  മലബാർ കലാപത്തിനുശേഷം മുക്കം മുതലാളിമാരുടെ നിർദേശപ്രകാരം കാട്ടുപാത താണ്ടിയാണ് മാണിയും കുടുംബവും മലകയറിയത‌്. കാടിന്റെ മകളായി ജീവിച്ച മാണി മുത്തശ്ശിക്ക് ജീവിതത്തിൽ ഇതാദ്യമായാണ് മലയിറങ്ങി മാറിത്താമസിക്കേണ്ടിവന്നത്.  കനത്തമഴ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ആദ്യ അനുഭവം. 

മുക്കം മുതലാളിമാരുടെയും ജന്മിമാരുടെയും കൃഷിഭൂമിക്ക് കാവലിരിക്കാൻ എത്തിയ ഇവർ വലിയ പാറക്കെട്ടുകൾക്കുള്ളിൽ കുടിൽകെട്ടിയാണ‌് താമസിച്ചത‌്. നിരവധി പേർ അന്ന് കണ്ടലപ്പാറയിൽ കൃഷിപ്പണിക്കായി എത്തിയത‌് ഇവർ ഓർക്കുന്നു. അങ്ങനെയാണ് തൊഴിലാളിയായ കടിഞ്ഞിയെ വിവാഹംകഴിച്ചത്. മൂന്ന് വർഷംമുമ്പ‌് കടിഞ്ഞി മരിച്ചു.

മുമ്പും പന്തീരായിരം മലനിരകളിൽ കനത്തമഴ കാലവർഷമെന്നില്ലാതെ പെയ്തിറങ്ങിയിരുന്നു. ഒരുതവണ  വലിയ പാറക്കെട്ടുകൾ മുകളിൽനിന്ന്  താഴെ പതിച്ചതിന്റെ പേടി മനസിലുണ്ട‌്. തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. മുതുവാൻ വിഭാഗത്തിൽപെട്ട ആദിവാസികളുള്ള കണ്ടിലപ്പാറക്കാട്ടിൽ ഇപ്പോൾ മറ്റുവിഭാഗക്കാരും കുടിയേറി. ആഴ്ചകൾക്കുമുമ്പുണ്ടായ ഉരുൾപൊട്ടലിന്റെ  ഭീതിയിൽനിന്ന് ഇവരിന്നും മുക്തമായിട്ടില്ല.ഇതുപോലുള്ള ഉരുൾപൊട്ടലോ മലയിടിച്ചിലോ ഉണ്ടാകുമെന്ന്  ധരിച്ചതേയില്ല. അതിനാലാണ് പലരും ഇവിടെ കുടിലുകൾകെട്ടി താമസിച്ചത്. ഇന്ന് കുടിലുകളിൽ   ജീവിക്കാൻ ഇവർക്ക് ആശങ്കയാണ്.

  അഞ്ച് ആണും മൂന്ന് പെണ്ണുമാണ‌് മാണി മുത്തശ്ശിക്ക് മക്കളായുള്ളത‌്. എല്ലാവരും മറ്റ് വീടുകളിൽ കുടുംബത്തോടൊപ്പം കഴിയുന്നു. മകൻ ബാബുവിനും മരുമകൾ മിനിക്കുമൊപ്പമാണ‌്  ഇപ്പോൾ താമസിക്കുന്നത്.

Local

More Related News

Latest News

copyrights © 2018 nctv news.   All rights reserved.