Main
All Categories

Uploaded at 3 months ago | Date: 12/04/2019 14:45:32

ചെങ്ങാലൂരില്‍ തണ്ണീര്‍ത്തടം നികത്തുന്നത് തടയാനെത്തിയ വാര്‍ഡ് മെമ്പറെ മണ്ണ് മാഫിയ ടിപ്പര്‍ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. 

പുതുക്കാട് പഞ്ചായത്തംഗം തോബി തോട്യാനാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ചെങ്ങാലൂര്‍ കുട്ടാടന്‍ പാടത്ത്  കളിമണ്ണെടുത്ത സ്ഥലത്ത് പൊടിമണ്ണ് അടിച്ച് നികത്തുന്നത് തടയാനെത്തിയ മെമ്പറെയാണ്  മണ്ണ് മാഫിയകള്‍ ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മെമ്പര്‍ തന്റെ ബൈക്കുമായി ലോറിയെ തടയാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് എത്തിയിട്ട് ലോറി എടുത്താല്‍ മതിയെന്ന് മെമ്പര്‍ പറഞ്ഞയുടനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ലോറി മുന്നോട്ട് എടുക്കുകയായിരുന്നു. 

മെമ്പര്‍ പെട്ടെന്ന് ഓടിമാറിയതുമൂലം അപകടത്തില്‍ നിന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാലിന് പരിക്കേറ്റ മെമ്പര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. 

മേഖലയിലെ ഗുണ്ടകളുടെ നേതൃത്വത്തിലാണ് മണ്ണ് മാഫിയ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മെമ്പര്‍ പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് കുട്ടാടന്‍ പാടത്ത് കളിമണ്‍ ഖനനവും നികത്തലും നടക്കുന്നത്. 

രാത്രിയും പകലുമില്ലാതെ നിരവധി ടിപ്പര്‍ ലോറികളാണ് മണ്ണുമായി ചീറിപായുന്നത്. ഗുണ്ടകളുടെ സഹായത്തോടെ മണ്ണ് മാഫിയകള്‍ മേഖലയില്‍ പിടിമുറുക്കിയിട്ടും പോലീസ് പ്രശ്‌നത്തില്‍ ഇടപ്പെടുന്നില്ലെന്നും തോബി തോട്യാന്‍ പറഞ്ഞു.

 ചെങ്ങാലൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി തണ്ണീര്‍ത്തടം നികത്തല്‍ നിര്‍ത്തിവെപ്പിച്ചു.മെമ്പറെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നും അനധികൃതമായി തണ്ണീര്‍ത്തടം നികത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ മറ്റുപഞ്ചായത്തംഗങ്ങളും പ്രതിഷേധിച്ചു

main

More Related News

Latest News

nctv advertisment
nctv advertisment
nctv advertisment

copyrights © 2018 nctv news.   All rights reserved.